Sunday, June 16, 2024
spot_img

രാജ്യത്ത് ആക്രമണം നടത്താൻ രാജ്യവിരുദ്ധശക്തികൾ പദ്ധതിയിട്ടതായി കണ്ടെത്തൽ; അയോധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ദുരന്തം ഉണ്ടാക്കാൻ രാജ്യവിരുദ്ധശക്തികൾ പദ്ധതിയിട്ടതായി കണ്ടെത്തൽ. വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ രാജ്യവിരുദ്ധ ശക്തികൾ ഗൂഢാലോചന നടത്തുന്നുവെന്നാണ് റിപ്പോർട്ട്. അയോധ്യയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നു. ഉത്തർപ്രദേശിലെ റെയിൽവേ ട്രാക്കിൽ (Ayodhya Train Crash) നിന്നും ആറ് ബോൾട്ടുകൾ ഊരി മാറ്റിയാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്.

പരിശോധനയ്‌ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥർ ഇത് കണ്ടെത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. പരിശോധനയ്‌ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥനാണ് അയോധ്യ-അചാര്യ നരേന്ദ്രദേവ് നഗർ പ്രദേശത്തുള്ള റെയിൽവേ പാളത്തിൽ നിന്ന് ബോൾട്ടുകൾ തുറന്നുവച്ച രീതിയിൽ കണ്ടെത്തിയത്. അപ്പോഴേക്കും അതിലൂടെ മൂന്ന് ട്രെയിനുകൾ കടന്ന് പോയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ ഇത് ഊരി മാറ്റിയിട്ടുണ്ടാവാം എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇത് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ട്രാക്ക് നന്നാക്കി. സംഭവത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രധാന നഗരങ്ങളിലുൾപ്പെടെ കനത്ത ജാഗ്രതയിലാണ് പോലീസ്.

അതേസമയം കഴിഞ്ഞ ദിവസം മഥുരയിൽ നിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവർദ്ധനിലെ ദൗലത്പൂര് ഗ്രാമത്തിലുള്ള ഫാക്ടറിയിൽ ഒളിച്ചുവച്ച ആയുധങ്ങളാണ് കണ്ടെടുത്തത്. മണ്ണിനടിയിലാണ് ആയുധ ശേഖരം കുഴിച്ചിട്ടിരുന്നത്. എട്ട് പിസ്റ്റൾ, ഒരു തോക്ക്, 16 ലൈവ് കാർട്രിഡ്ജ്, പകുതി നിർമ്മിച്ച നിരവധി ആയുധങ്ങൾ, എന്നിവയാണ് കണ്ടെടുത്തത് എന്ന് എസ്എസ്പി ഗൗരവ് ഗ്രോവർ അറിയിച്ചു. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ഇതും ഇത്തരത്തിൽ ആക്രമണം നടത്തുന്നതിന് വേണ്ടിയുള്ളതാണോ എന്നതുൾപ്പെടെ പോലീസ് സംശയിക്കുന്നുണ്ട്.

Related Articles

Latest Articles