ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും.
സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാസ്‌കുമാര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി പൂര്‍ത്തിയാവുക. മാര്‍ച്ച് 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 31ന് രാവിലെ 9 മണി മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

