Sunday, May 5, 2024
spot_img

ജ്വലിക്കുന്ന ദീപശിഖയായി ‘റാം മുഹമ്മദ് സിങ് ആസാദ്’ അഥവാ രക്തസാക്ഷികളുടെ രാജാവ്!!!

ഒരു പേരിലെന്തിരിക്കുന്നു…എന്നുള്ള ചോദ്യത്തിന് ഉത്തരം,​ ഒരു പേരിൽ ഒരുപാടുണ്ട് എന്നുതന്നെയാണ്. പ്രത്യേകിച്ച്,​ ഒരു രാജ്യത്തിന്റെ മുഴുവൻ ഐക്യവും നാനാത്വവും പേരിലുൾക്കൊള്ളിച്ച്,​ ബ്രിട്ടീഷുകാരുടെ തൂക്കുകയറിലും പതറാതെ നിന്ന ഒരു ധീര രക്തസാക്ഷിയുടെ നാട്ടിൽ. കൊലപാതകക്കേസിൽ പിടിയിലായ ഉദ്ദംസിംഗ്,​ തന്റെ പേര് പറഞ്ഞത് ‘റാം മുഹമ്മദ് സിംഗ് ആസാദെ”ന്നാണ്. ഇനിയാണ് ആ കൊലപാതകത്തിന്റെ കഥ. ഉദ്ദംസിംഗ് കൊലപ്പെടുത്തിയത് വെറുമൊരു സാധാരണക്കാരനെ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നോവിക്കുന്ന ഓർമ്മയായ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നിർദേശം നൽകിയ ജനറൽ ഒ.ഡയറായിരുന്നു ഉദ്ദംസിംഗിന്റെ തോക്കിനിരയായത്. അതും കൂട്ടക്കൊല നടന്ന് 20 വർഷങ്ങൾക്ക് ശേഷം.

ജാലിയൻ വാലാബാഗിൽ ബ്രിട്ടീഷുകാർ നടത്തിയ മനുഷ്യത്വരഹിതമായ കൂട്ടക്കൊല നേരിട്ടുകണ്ട അന്നത്തെ ഇരുപത്‌ വയസ്സുകാരന്റെ ഹൃദയത്തിലെ കനൽ പ്രതികാരത്തിന്റെ അഗ്നിയായി മാറിയപ്പോൾ പതിറ്റാണ്ടുകൾക്കപ്പുറവും കൂട്ടക്കൊലയുടെ മുഖ്യ കാരണക്കാരന്റെ അന്ത്യം ഉദ്ദം സിംഗിനാൽ കുറിക്കപ്പെട്ടു. സര്‍ മൈക്കല്‍ ഓ ഡയർ ലണ്ടനിലെ കാക്സ്റ്റന്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യാ അസ്സോസിയേഷന്റെയും റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ചടങ്ങിൽ പ്രസംഗിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങിയുടനെ കാത്തിരിപ്പിന് വിരാമമിട്ട് ഉദ്ദം സിംഗ് തന്റെ ശിക്ഷാവിധി നിശ്ചയദാർഢ്യത്തോടെ നടപ്പിലാക്കി. മൈക്കല്‍ ഓ ഡയര്‍ വെടിയേറ്റു വീണു. ഒപ്പം സെറ്റ്ലന്‍ഡ് പ്രഭുവിനും, ലവിംഗ് ടണ്‍ പ്രഭുവിനും, സര്‍ ലൂയിസ് ഡെന്നും ഉൾപ്പെടെയുള്ളവർക്ക് വെടിയേറ്റു.


ജാലിയന്‍ വാലാബാഗ് ഭീകരത നടന്ന 1919 ല്‍ തന്നെ പ്രതികാരം ചെയ്യാനുറപ്പിച്ച് ലണ്ടനിലെത്തിയ ഉദ്ധം സിംഗ് നീണ്ട ഇരുപതുവര്‍ഷമാണ് അതിനു വേണ്ടി കാത്തിരുന്നത്.
“എന്റെ പട്ടിണിക്കോലങ്ങളായ നാട്ടുകാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പപ്പാസുകള്‍ക്ക് കീഴെ ഞെരിഞ്ഞമരുന്നത് ഞാന്‍ കാണുകയായിരുന്നു. ഇത്തരത്തില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയതില്‍ എനിക്ക് അശേഷം ഖേദമില്ല. ഇനി എന്നെ നിങ്ങള്‍ എങ്ങനെ ശിക്ഷിച്ചാലും അതു തടവുശിക്ഷയായാലും വധശിക്ഷയായാലും എനിക്കു കൂസലില്ല. എനിക്കു മരണത്തെ അശേഷം ഭയമില്ല. രാജ്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ചു മരിക്കുന്നതാണ് ധീരത”
ഒപ്പം കരുതിയിരുന്ന പ്രസ്താവനയിൽ ധീരനായ ദേശഭക്തനായ ഉദ്ദം സിംഗ് കുറിച്ചിട്ടിരുന്ന വരികൾ ഇങ്ങനെയായിരുന്നു. 1940 ജൂലൈ 31 ന് ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ തൂക്കിലേറ്റി. പഞ്ചാബിലെ സംഗ്രൂറിൽ ജനിച്ച ഉദ്ദംസിംഗ് ഷഹീദ്-ഇ-അസം (രക്തസാക്ഷികളുടെ രാജാവ്) എന്നാണ് അറിയപ്പെടുന്നത്.

30 വര്‍ഷം മുന്‍പ് മദല്‍ ലാല്‍ ധിംഗ്രയുടെ ബലിദാനം നടന്ന അതേ സ്ഥലത്ത് തന്നെ ഉദ്ധം സിംഗിന്റെ ബലിദാനവും നടന്നു. ഉദ്ദം സിംഗിന്റെ വീര ബലിദാനത്തിന് ഇന്നേയ്ക്ക് എൺപത്തിയൊന്നാണ്ട് തികയുകയാണ്. ദിനങ്ങളെത്ര കടന്നാലും കാലമെത്ര കഴിഞ്ഞാലും ദേശീയതയുടെ ജ്വലിക്കുന്ന ദീപശിഖയായി തലമുറകളെ നയിക്കാൻ ദേശഭക്തിയും ധീരതയും നിറഞ്ഞ ആ ദീപ്തസ്മരണകൾ മാത്രം മതി.
ധീരസമൃതികളിൽ പ്രണാമം…

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles