Wednesday, May 8, 2024
spot_img

ത്രിവർണ്ണങ്ങളാൽ അലംകൃതമായി തെലങ്കാനയിലെ രാമപ്പ ക്ഷേത്രം; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് അലങ്കാരം

തെലങ്കാന: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ പതാകയുടെ നിറങ്ങളാൽ ക്ഷേത്രം അലങ്കരിച്ച് തെലങ്കാനയിലെ രുദ്രേശ്വര ക്ഷേത്രമെന്ന രാമപ്പ ക്ഷേത്രം. യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. രാത്രി സമയങ്ങളിലാണ് ക്ഷേത്രം പൂർണമായും ത്രിവർണ്ണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

വാറങ്കലിൽ നിന്ന് 66 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 209 കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ചരിത്രസ്മാരകങ്ങളിലും അതാത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 15 വരെ രാജ്യത്തെ എല്ലാ ചരിത്രസ്മാരക മന്ദിരങ്ങളിലേക്കും ജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലായിടത്തും ഇത് ബാധകമായിരിക്കും. 3500ലധികം സ്മാരകങ്ങളാണ് ആർക്കിയോളജിക്കൽ സർവ്വേയുടെ കീഴിൽ ഇന്ത്യയിലുള്ളത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക പരിപാടികൾക്ക് സാംസ്‌കാരിക മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്.

Related Articles

Latest Articles