Thursday, September 24, 2026

രാമായണ മാസാരംഭത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ വീര ജടായു പുരസ്‌കാരം പ്രഖ്യാപിച്ചു; കുസുമം ആര്‍ പുന്നപ്രയ്ക്ക്

തിരുവനന്തപുരം: രാമായണ മാസാരംഭത്തോടനുബന്ധിച്ച് വർണ്ണാഭമായ പരിപാടികൾക്കൊരുങ്ങി ജടായൂപാറ ട്രസ്റ്റ്. ചടങ്ങിൽ സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നവർക്കും പോരാടുന്നവർക്കും ജടായൂ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ വീര ജടായൂ പ്രസ്‌ക്കാരം പ്രഖ്യാപിച്ചു. കുസുമം ആര്‍ പുന്നപ്രയ്ക്ക് ആണ് ഇത്തവണത്തെ പുരസ്ക്കാരം. രാമായണ മാസാചരണത്തോടനുബന്ധിച്ച് ജടായു പാറ കോദണ്ഡ രാമ ക്ഷേത്രട്രസ്റ്റ് ആണ് വീര ജടായു പുരസ്‌കാരം ഏർപ്പെടുത്തുന്നത്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 4.30ക്ക് തിരുവനന്തപുരം ജവഹർ ബാലഭവനിൽ വച്ചാണ് പരിപാടി നടക്കുക. ചടങ്ങില്‍ തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ പുരസ്‌ക്കാരം സമ്മാനിക്കും.

സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ അവധി കിട്ടുന്നതിനും മുലയൂട്ടാനുള്ള സൗകര്യം ലഭിക്കുന്നതിനും വേണ്ടി നിയമയുദ്ധം നടത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ഒറ്റയാള്‍ പോരാട്ടം പിരിഗണിച്ചാണ് കുസുമം ആര്‍ പുന്നപ്രയക്ക് അവാര്‍ഡ് നല്‍കുന്നത്. അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്ര കണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെയില്ല. അമ്മയുടെ മുലപ്പാല്‍ കുടിക്കുവാനുള്ള അവകാശം അസംഘടിത മേഖലയിലെ ശബ്ദമില്ലാത്ത സ്ത്രീകളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതിനെതിരെ ആരംഭിച്ചതാണ് കുസുമത്തിന്റെ പോരാട്ടം. ആദ്യ പോരാട്ടത്തിന്റെ വിജയം കുസുമത്തിലെ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഊര്‍ജ്ജമായി. പിന്നെ പ്രസവാനുകൂല്യങ്ങള്‍ ഐടി കമ്പനി ജീവനക്കാരികള്‍ക്ക് ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ വീണ്ടും പോരിനിറങ്ങി.

2014 ജൂണ്‍ 27ന് സംസ്ഥാന വനിതാകമ്മീഷനില്‍ തുടങ്ങിയ കുസുമത്തിന്റെ പോരാട്ടം 2017 മാര്‍ച്ച് 9ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്ല് പാസ്സാക്കുന്നിടം വരെ തുടര്‍ന്നു. ഇതേ രീതിയില്‍ സ്വകാര്യ മേഖലയിലുള്ള സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, നഴ്‌സിംഗ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കും പ്രസവാനുകൂല്യം നേടിക്കൊടുത്തത് കുസുമത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ്. കഥ, നോവല്‍, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്റെ മേഖലയിലും പ്രശസ്തയാണ് കുസുമം. കെല്‍ട്രോണിലെ ജീവനക്കാരിയായിരുന്ന കുസുമം ആലപ്പുഴയിലെ പുന്നപ്ര സ്വദേശിയാണ്.

Related Articles

Latest Articles