തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രിംകോടതിയില്‍ നടന്ന കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രാജിവെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ നിലപാടുമാറ്റത്തില്‍ സര്‍ക്കാരിന്റെ കളളക്കളളി വ്യക്തമാണ്. ഇതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് സുപ്രിംകോടതിയില്‍ യുവതിപ്രവേശനം പാടില്ല എന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. ഇതിനുളള കാരണവും ബോര്‍ഡ് വ്യക്തമായി വിവരിച്ചതാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളും ശബരിമലയിലെ പ്രതിഷ്ഠയുടെ പ്രത്യേകതകളുമാണ് ബോര്‍ഡ് അന്ന് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ കടകവിരുദ്ധമായ നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ഇന്നലെ സ്വീകരിച്ചത്. യുവതികളെ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്നലെ കോടതിയെ ബോധ്യപ്പെടുത്താന്‍ ബോര്‍ഡ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ബോര്‍ഡിന്റെ ഈ മലക്കം മറിച്ചില്‍ എല്ലാവരെയും അമ്പരിപ്പിച്ച കാര്യമാണ്. താന്‍ ഒന്നും അറിഞ്ഞില്ല എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ആരാണ് ബോര്‍ഡിന്റെ നയം തീരുമാനിച്ച്‌ കോടതിയില്‍ പറയാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയത് എന്ന കാര്യം വ്യക്തമാക്കേണ്ട കാര്യമാണ്. ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് വിശ്വാസികളെ അവഹേളിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.