Saturday, April 27, 2024
spot_img

വീര സവർക്കറായി മാറി രൺദീപ് ഹൂഡ !ആൻഡമാനിലെ തടവറയിൽ വീര സവർക്കർ ജീവിച്ചു തീർത്ത ഭാഗം സ്‌ക്രീനിൽ അവതരിപ്പിക്കാൻ രനടൻ നടത്തിയ ബോഡി ട്രാൻസ്ഫർമേഷൻ വൈറൽ ! “സ്വതന്ത്ര വീർ സവർക്കർ” 22 ന് പ്രദർശനശാലകളിൽ

സ്വാതന്ത്ര്യ വീര സവർക്കർ എന്ന സിനിമയുടെ ഭാഗമായി നടൻ രൺദീപ് ഹൂഡ നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ വൈറലാകുന്നു. ആൻഡമാനിലെ തടവറയിൽ ധീര ദേശാഭിമാനി വീര സവർക്കർ ജീവിച്ചു തീർത്ത ഭാഗം, സ്‌ക്രീനിൽ അവതരിപ്പിക്കാനാണ് നടൻ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയത്. വളരെ മെലിഞ്ഞ ശരീര പ്രകൃതിയാണ് നടൻ പങ്കുവച്ച ചിത്രത്തിൽ കാണാനാകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീര സവർക്കറിനെ തടവിൽ പാർപ്പിച്ചിരിച്ചിരുന്ന കാലാപാനിയിലെ സെൽ സന്ദർശിക്കുന്ന ചിത്രങ്ങളും നടൻ പങ്കുവച്ചിരുന്നു . സെല്ലിൽ വീര സവർക്കർ എത്ര കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് അനുഭവിക്കാൻ വേണ്ടിയാണ് താൻ സ്വയം ജയിലിൽ അടച്ചതെന്ന് അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു. 11 കൊല്ലം ആ ധീര ദേശാഭിമാനി കഴിച്ചു കൂട്ടിയ ആ ഇടുങ്ങിയ ജയിലിൽ 20 മിനിട്ട് പോലും കഴിയാൻ തനിക്ക് സാധിച്ചില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു.

ആൻഡമാനിലെ രാവണൻ കോട്ട എന്നറിയപ്പെടുന്ന കാലാപാനി ജയിലിൽ വീര സവർക്കർ എന്ന ധീര ദേശാഭിമാനി അനുഭവിച്ചിരുന്ന യാതനകൾക്കും പീഡനങ്ങൾക്കും ഒരു പരിധിയും ഉണ്ടായിരുന്നില്ല. വേണ്ടത്ര ഭക്ഷണമോ ജലമോ നൽകാതെ, ജയിലിലെ എണ്ണച്ചക്ക് ആട്ടലായിരുന്നു തടവുകാരുടെ ജോലി. മറ്റുള്ളവർ ആട്ടിയെടുക്കുന്ന നിശ്ചിത എണ്ണ, ക്ഷീണിതനായ സവർക്കർക്ക് ആട്ടിയെടുക്കാൻ പറ്റാത്തതിനാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പലപ്പോഴും ബോധം മറയുന്നത് വരെയും അദ്ദേഹത്തെ തല്ലിച്ചതച്ചു. അസുഖ ബാധിതനായ അദ്ദേഹത്തെ ദിവസങ്ങളോളം അവർ തടവറയിൽ നിലത്ത് കിടത്തി. ആറുമാസം ഏകാന്ത തടവറയിൽ പാർപ്പിച്ചു .പിന്നീടതു മാറ്റി .അനുവാദമില്ലാതെ എഴുത്ത് എഴുതിയതിന് വീണ്ടും ഏകാന്ത തടവറയിൽ അടച്ചു. മറ്റൊരു കുറ്റവാളിക്ക് എഴുത്ത് എഴുതിയതിന് ഏഴു ദിവസം വിലങ്ങിട്ടു നിർത്തി. ഇതേ ശിക്ഷ പിന്നെയും ആവർത്തിച്ചിട്ടുണ്ട് . ഇടയ്ക്ക് നാലുമാസം ചങ്ങലയിൽ ബന്ധിക്കപ്പെട്ടു. അതിൽ പത്തു ദിവസം കയ്യിലും കാലിലും ചങ്ങലയിൽ ബന്ധിക്കപ്പെട്ടു. നിവർന്നു നിൽക്കാൻ പോലും സാധിക്കാത്ത ഇടുങ്ങിയ തടവറയിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ഇത്രയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയ എത്ര സ്വാതന്ത്രസമര സേനാനികൾ ഉണ്ടാവും എന്നത് പ്രസക്തമായ ചോദ്യമാണ്.

ഇതിനിടയിൽ ജയിൽ ചാടുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കോളനിവാസികളായ മുഴുവൻ വിദ്യാർത്ഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും സമ്മതിക്കുന്ന , ‘ഓത് ഓഫ് അലീജിയന്സ്’ എന്ന പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ , ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്റ്റർ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഭാരതീയനാണ് വിനായക ദാമോദര സവർക്കർ. ജയിൽവാസത്തിൻ്റെ ക്രൂരതയും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും സഹിക്കുകയും സായുധ വിപ്ലവം കെട്ടിപ്പടുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത വീർ സവർക്കറെ അധിക്ഷേപിക്കുന്നത് രാജ്യവിരുദ്ധ ശക്തികൾ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് “സ്വതന്ത്ര വീർ സവർക്കർ” അണിയറപ്രവർത്തകർ പറയുന്നത്. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങ്ങും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ, ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

സവര്‍ക്കറുടെ 138-ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഈ മാസം 22 ന് ചിത്രം പ്രദർശനശാലകളിലെത്തും

Related Articles

Latest Articles