Monday, May 6, 2024
spot_img

ബലാത്സംഗക്കേസ്: പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് 10 വർഷം കഠിന തടവ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പോലീസുകാരനുൾപ്പടെ മൂന്നുപേർക്കെതിരെ നടപടിയെടുത്ത് കോടതി. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ വീതം പിഴയും അടയ്ക്കണം.

പാപ്പനംകോട് എസ്‌റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), പൊലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47) എന്നിവരെയാണ് അസി. സെഷൻസ് ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്.

കേസിൽ ഇരയായ യുവതിയുടെ അയൽവാസിയെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് നാലാം പ്രതിയാക്കിയിരുന്നുയെങ്കിലും ഇവർ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. 2016-ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സജാദ് യുവതിയെ ആശുപത്രിയിൽവെച്ചാണ് പരിചയപ്പെടുന്നതും തുടർന്ന് അടുപ്പത്തിൽ ആകുന്നതും.

രണ്ടാം പ്രതി ശ്രീജിത്തും പിന്നീട് ഇവരുടെ സുഹൃത്തായി. 2016 നവംബർ 25-ന് രാവിലെ 10.30ന് സജാദും ശ്രീജിത്തും ചേർന്ന് പൊലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടിൽ യുവതിയെ എത്തിച്ചു. ഇവിടെവെച്ച്‌ യുവതിയെ മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നരുവാമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി ഡി ജസ്റ്റിൻ ജോസ് ഹാജരായി. ഈ കേസിൽ പീഡനത്തിന് ഇരയായ യുവതി പരാതി പിൻവലിച്ചെന്നു പറഞ്ഞ് പ്രതികൾ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ യുവതി പരാതി പിൻവലിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതികളുടെ ഹർജി തള്ളിക്കളഞ്ഞു. ഇതിനു ശേഷമാണ് അസി. സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. വിധിക്ക് ശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Related Articles

Latest Articles