പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പശ്ചിമബംഗാൾ പോലീസിലെ എഎസ്ഐ അനൂപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സിബിഐ അന്വേഷണ സംഘം. പ്രതിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. സംഭവ ദിവസം പ്രതിയോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരനെ സംബന്ധിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇയാൾക്ക് കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഈ സുഹൃത്ത് എഎസ്ഐ അനൂപ് ദത്തയാണെന്ന് സ്ഥിരീകരിക്കാത്ത വിവരം കൂടി പുറത്തു വരുന്നുണ്ട്.,
കൊലപാതകത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാൻ എയിംസിലെ വിദഗ്ധരുമായി സിബിഐ കൂടിയാലോചനയും നടത്തും. എയിംസിലെ ഡോക്ടർമാരുടെ റിപ്പോർട്ട് കുറ്റകൃത്യം ചെയ്തത് സഞ്ജയ് റോയി തനിച്ചാണോയെന്ന് കണ്ടെത്താൻ സിബിഐയെ സഹായിക്കുമെന്നാണ് വിവരം. ഡിഎൻഎ, ഫൊറൻസിക് റിപ്പോർട്ടുകൾ സിബിഐക്ക് കൈമാറിയിട്ടുണ്ട്.

