റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്ടറിന് തീപിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ എന്നീ പൈലറ്റുമാരാണ് മരിച്ചത്.
ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. ഇവർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
മന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

