Friday, April 26, 2024
spot_img

പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ റേറ്റ് വീണ്ടും ഉയർത്തും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച

ദില്ലി : റിസര്‍വ് ബാങ്കിന്റെ (RBI) പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക (Monetary Panel Committee meeting). യോഗം അവസാനിച്ച ശേഷം എട്ടാം തിയതി പരിഷ്കരിച്ച നിരക്കുകൾ ആർബിഐ ഗവർണർ അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തും എന്നുള്ള സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപേ തന്നെ നൽകി കഴിഞ്ഞു.

റഷ്യ – ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് (Repo rate) 35 മുതൽ 40 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്നാണ് ആർബിഐ ഗവർണർ നൽകിയ സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ആർബിഐ ഉയർത്തിയത്.

വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്. അതേസമയം, ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

Related Articles

Latest Articles