Friday, May 3, 2024
spot_img

അനശ്വര കലാകാരൻ പി.പത്മരാജൻ വിട പറഞ്ഞിട്ടു ഇന്നേക്ക് 30 വർഷം; മാളവിക എം.മേനോൻ എഴുതുന്നു

കന്യക-കന്യകാത്വം എന്നീ വിഷയത്തിൽ ചവിട്ടി കുതിച്ചുയർന്നു വിമർശകപക്ഷം ആവോളം ആക്ഷേപ ശരങ്ങൾ എയ്യുന്ന എഴുത്തുകാരൻ/സംവിധായകൻ കൂടിയായ പി.പത്മരാജന്റെ മുപ്പതാം ചരമവാർഷികമാണ് ഇന്ന്. തന്റെ കഥ/നോവലുകളിൽ, സിനിമകളിൽ കന്യക-കന്യകാത്വം മുതലായ പിന്തിരിപ്പൻ ആശയങ്ങളെ മഹത്വവത്കരിച്ചു, അല്ലെങ്കിൽ ബിംബവത്കരിച്ചു തെറ്റായ ഒരു കപട സദാചാരബോധം സഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുന്നു എന്ന വിമർശനമാണ് പത്മരാജന്റെ പേരിൽ ആരോപിക്കപ്പെട്ടു കേട്ടിട്ടുള്ളത്. പ്രതിഭാധനനായ ആ കലാ-സാഹിത്യകാരന്റെ മേൽ ആരോപിക്കപ്പെട്ട ഒരേയൊരു കുറ്റവും (ദോഷവും) അതുതന്നെയാകാം.

‘രതിനിർവേദ’ത്തിൽ സർപ്പാക്കാവിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പപ്പു-രതിമാരിൽ രതിയെ മാത്രം എന്തുകൊണ്ട് അകാലമരണത്തിന് വിട്ടുകൊടുത്തു? വിശുദ്ധമെന്ന് കരുതുന്ന ആരാധനക്കുള്ളിടത്തിൽ വച്ച് തന്റെ കന്യകാത്വം കൂടിയാണ് രതി, പപ്പുവിന് മുന്നിൽ സമർപ്പിക്കുന്നത്. അതിനാലാണോ രതിക്ക് പടുമരണം സംഭവിച്ചത്? തൂവാനത്തുമ്പികളിലാകട്ടെ ക്ലാരയുടെയും ജയകൃഷ്ണന്റെയും കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ആകുന്നത് തന്നെ ആ കന്യകാത്വത്തിലാണെന്ന് പല സന്ദർഭങ്ങളും അടയാളപ്പെടുത്തുന്നു. ഇനിയും കഥകളിലും സിനിമകളിലും ഇത്തരത്തിൽ കന്യകയുടെ ആദ്യസമാഗമത്തിന്റെ ചോരത്തുള്ളികൾ പത്മരാജൻ കയ്യൊപ്പുകളിൽ കാണാം. അതുതന്നെ അദ്ദേഹത്തെ വിമർശിക്കാൻ ആയുധമാക്കുന്നതും.

എന്നാൽ, ആ അനശ്വരപ്രതിഭയുടെ പ്രണയമുഖം വിടർന്ന ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന സിനിമ അതിനൊരു അപവാദമാകുന്നുണ്ട്. രണ്ടാനച്ഛനായ പൈലോക്കാരനാൽ നിരന്തരം ലൈംഗിക ചൂഷണങ്ങൾക്ക് വിധേയയാകേണ്ടി വരുന്ന സോഫിയ. ഏറ്റവും ഒടുവിൽ അധിക്രൂരമായി തന്നെ പൈലോക്കാരനാൽ ബലാത്സംഗം ചെയ്യപ്പെടുന്ന സോഫിയ…

ഒരുപക്ഷേ, എന്തുകൊണ്ട് ആ കഥയുടെ ക്ലൈമാക്സ്‌ സോഫിയയുടെ ആത്മഹത്യയോ, കൊലപാതകമൊ ആയില്ലെന്ന് ചിന്തിച്ചിട്ടുണ്ടോ? വിശുദ്ധ-അവിശുദ്ധ കഥകളിലെ ആത്മഹത്യ-കൊലപാതക സാഹചര്യങ്ങളെ പാടെ പത്മരാജൻ ഒഴിവാക്കി സിനിമയ്ക്ക് ജീവിതം എന്ന പ്രതീക്ഷയുടെ എക്കാലത്തെയും നല്ല ക്ലൈമാക്സാണ് അവിടെ സംവിധായകൻ നൽകിയിരിക്കുന്നത്.

‘മമ്മ’യുടെ ഭീഷണമായ വാക്കുകൾക്ക് മുന്നിൽ നിന്ന് ‘സോളോമൻ’ ഇറങ്ങിപ്പോകുമ്പോൾ കൂടിയും അങ്ങനെയൊരു ക്ലൈമാക്സ്‌ ആയിരുന്നോ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്? എന്നാൽ, ഏറ്റവും ഒടുവിൽ സോളമന്റെ തേർത്തട്ടിലേക്ക് സംതൃപ്തിയോടെ കയറുന്ന ‘സോഫിയ’യേയാണ് കാണുന്നത്. ജീവിതത്തിൽ സ്നേഹമെന്ന മൂല്യത്തിന് മുകളിൽ നിൽക്കുന്നതായി മറ്റൊന്നുമില്ല എന്ന് പറയാതെ പറയുന്ന വീഥിയിലേക്ക് ഡ്രൈവ് ചെയ്തു മറയുന്ന സോളമന്റെ വണ്ടി… അത് ഒരു പ്രായശ്ചിത്തമായിരുന്നോ? അറിഞ്ഞോ, അറിയാതെയോ പത്മരാജൻ എന്ന പ്രതിഭ പലയിടത്തും പ്രതിഷ്ഠിച്ച കന്യകത്വമെന്ന ബിംബത്തെ കടപുഴക്കി എറിയുന്ന ഒരു എപ്പിക് ക്ലൈമാക്സ്‌ കൊണ്ട് സന്തോഷിപ്പിച്ചതായിരുന്നോ? ആ… ആർക്കറിയാം?!?!

Related Articles

Latest Articles