Tuesday, May 7, 2024
spot_img

ഇമ്രാൻ ഖാന് ആശ്വാസം !തോഷഖാന അഴിമതിക്കേസിൽ വിചാരണക്കോടതി വിധി ഇസ്‍ലാമാബാദ് ഹൈക്കോടതി റദ്ദാക്കി; പാകിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാം

ഈ വർഷം അവസാനം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. തോഷഖാന അഴിമതിക്കേസിൽ മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച കീഴ് ക്കോടതി വിധിക്കെതിരെ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി ഇസ്‍ലാമാബാദ് ഹൈക്കോടതി അംഗീകരിച്ചു. 5 വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കീഴ്‌ക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിൽ ലാഹോർ ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ മോചിതനാക്കാനും ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരീഖ് മഹ്മൂദ് ജഹാംഗീരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിനാണ് വിചാരണക്കോടതി ഇംറാനെ മൂന്നു വർഷം തടവിന് ശിക്ഷിച്ചത്.

വിചാരണക്കോടതി വിധി ഇസ്‍ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയതായി പാകിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി സ്ഥിരീകരിച്ചു. കോടതി വിധിയുടെ പകർപ്പ് ഉടൻ ലഭ്യമാക്കുമെന്നും ഇമ്രാന്റെ ആവശ്യം അംഗീകരിച്ചെന്ന കാര്യം മാത്രമാണ് ഇപ്പോൾ പറയുന്നതെന്നും ജസ്റ്റീസ് ഫാറൂഖ് വ്യക്തമാക്കി.

‘2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക് സന്ദർശനം നടത്തിയ അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നും 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും രാജ്യത്തിന് അവകാശപ്പെട്ട ഈ പാരിതോഷികങ്ങൾ മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം . അനുകൂലവിധി ഉണ്ടായതോടെ പാകിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന് മത്സരിക്കാനാകും

Related Articles

Latest Articles