ദില്ലി: അഗ്നിപഥിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസിലാണ് കേന്ദ്ര സർക്കാരിന് അനുകൂല വിധി വന്നത്. അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിക്കെതിരായ എല്ലാ ഹർജികളും കോടതി തള്ളി. രാജ്യ താൽപര്യം ലക്ഷ്യം വച്ചാണ് പദ്ധതിയെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
അൻപതിനായിരം യുവാക്കളെ ഓരോ വർഷവും കുറച്ചു കാലത്തേയ്ക്ക് സൈന്യത്തിലെടുക്കാനുള്ളതാണ് അഗ്നിപഥ് പദ്ധതി. 17 മുതൽ 21 വയസു വരെയാണ് സൈന്യത്തിൽ ചേരാനുള്ള പ്രായ പരിധി. ഇവരെ അഗ്നിവീർ എന്നാകും വിളിക്കുക. പദ്ധതി പ്രകാരം ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്ക് 30000 രൂപ മാസ ശമ്പളത്തോടെയാകും നിയമനം നടക്കുക. എന്നാൽ പദ്ധതി നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചിരുന്നത്.

