Tuesday, May 7, 2024
spot_img

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃ സംഘടന നവകേരള സദസിനു ശേഷം ! കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും; മന്ത്രിക്കസേരയ്ക്കായി ആവശ്യമുന്നയിച്ച് ആർജെഡിയും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അടുത്ത പുനസംഘടനയിൽ കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായേക്കും.

നവംബർ 18 മുതൽ ഡിസംബർ 24 വരെ നടത്താനിരുന്ന സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിക്ക് ശേഷം ഡിസംബർ അവസാനവാരം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേർന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയാണ് ഇരുവരുടെയും മന്ത്രിസഭാ പ്രവേശനത്തിന് പച്ചക്കൊടി വീശിയത്.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയം തീരുമാനിച്ചതിന് ശേഷം നിലവിലെ ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും രാജി സമർപ്പിക്കും. എകെജി സെന്ററിൽ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ പുനസംഘടന പ്രഖ്യാപിച്ചത്.

അതേസമയം യോഗത്തിൽ രാഷ്ട്രീയ ജനതാദൾ നേതാവ് വർഗീസ് ജോർജ് തന്റെ പാർട്ടിയുടെ എംഎൽഎയ്ക്ക് മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചു. ആർജെഡിയുമായുള്ള ചർച്ച പിന്നീട് നടക്കും. 2021 ലെ മന്ത്രിസഭാ രൂപീകരണ സമയത്ത് മന്ത്രി സ്ഥാനം കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്), ഇന്ത്യൻ നാഷണൽ ലീഗ്, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) എന്നിവയ്‌ക്ക് തുല്യമായി വിഭജിക്കാൻ തീരുമാനിച്ചു. ധാരണ പ്രകാരം ആന്റണി രാജു (കേരള കോൺഗ്രസ് – ഡെമോക്രാറ്റ്), അഹമ്മദ് ദേവർകോവിൽ ( ഇന്ത്യൻ നാഷണൽ ലീഗ്) എന്നിവർക്ക് ആദ്യ പകുതിയിൽ ക്യാബിനറ്റ് സ്ഥാനം ലഭിച്ചു. നവംബർ 20ന് ഇവരുടെ കാലാവധി പൂർത്തിയാകും.

Related Articles

Latest Articles