Friday, October 2, 2026

സംവരണം മതാടിസ്ഥാനത്തിലാകരുത് !! സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ദില്ലി : സംവരണം മതാടിസ്ഥാനത്തിൽ ആകരുതെന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒബിസി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ജിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായി വാദം കേൾക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.

2010-ന് ശേഷം ഒ.ബി.സി പട്ടികയിൽ 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാ​ഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മതാടിസ്ഥാനത്തിൽ അല്ല തങ്ങൾ പട്ടിക തയ്യാറാക്കിയത് എന്നും വിവിധ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത് എന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതി വിധിയെത്തുടർന്ന് ഇതുവരെ 12 ലക്ഷം സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്നും അതിനാൽ ആ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ബംഗാൾ സർക്കാരിന് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles