Saturday, October 10, 2026

‘അമ്മ’യിൽ രാജി പരമ്പര തുടരുന്നു; ഭാരവാഹിത്വം ഒഴിഞ്ഞു മൂന്ന് പ്രമുഖർ കൂടി, ചുവടുറപ്പിച്ച് ശ്വേത മേനോൻ

കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും രൂക്ഷമാകുന്നതിനിടെ ഭരണസമിതിയിൽനിന്ന് മൂന്ന് പ്രമുഖ ഭാരവാഹികൾ കൂടി രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് മാത്യു, കൈലാഷ്, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല എന്നിവരാണ് ഭാരവാഹിത്വങ്ങളിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങിയത്. സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയെന്നും ഇതിന് പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്നും ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനം തികച്ചും കുത്തഴിഞ്ഞ സംവിധാനമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണസമിതി നിലവിലുണ്ടോ അതോ രാജി നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ എന്തിനുവേണ്ടിയാണ് താൻ ഈ സ്ഥാനത്ത് തുടരുന്നതെന്ന ചോദ്യത്തോടെയാണ് ജയൻ ചേർത്തല രാജി പ്രഖ്യാപിച്ചത്. ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായിരുന്നു ജയൻ ചേർത്തല. നേരത്തെ മറ്റൊരു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറി അൻസിബയും രാജിവെച്ചതോടെയാണ് സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരസ്യമായത്. ട്രഷറർ ഉണ്ണി ശിവപാൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ രാജി കാര്യത്തിൽ ഇപ്പോഴും ഔദ്യോഗികമായ സ്ഥിരീകരണമായിട്ടില്ല.

പ്രതിസന്ധി ഘട്ടത്തിൽ സംഘടനയെ നയിക്കാൻ രമേഷ് പിഷാരടി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയുടെ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ അടക്കമുള്ള പ്രമുഖർ ഉൾപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയിൽ നിന്നും അംഗമായ ആശാ അരവിന്ദ് പിന്നീട് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ശ്വേതാ മേനോൻ അടക്കമുള്ള പ്രമുഖർ പൊതുവേദിയിൽ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ രാജിക്കത്ത് ഇ-മെയിൽ വഴിയോ നേരിട്ടോ ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടിയും സെക്രട്ടറി കുക്കു പരമേശ്വരനും വ്യക്തമാക്കി.

മാദ്ധ്യമങ്ങളിലൂടെയും ജനറൽ ബോഡിയിലും പ്രഖ്യാപിച്ച രാജി കത്തായി നൽകേണ്ടത് ശ്വേതയുടെ ഉത്തരവാദിത്തമാണെന്നും അത് നൽകാത്തത് അവരുടെ കുഴപ്പമാണെന്നും അഡ്ഹോക് കമ്മിറ്റി അംഗമായ കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. എന്നാൽ, സംഘടനയുടെ തലപ്പത്തുനിന്ന് അത്ര എളുപ്പത്തിൽ പടിയിറങ്ങില്ലെന്ന സൂചനയാണ് ശ്വേതാ മേനോൻ നൽകുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാതെ സംഘടനയിൽനിന്ന് പടിയിറങ്ങില്ലെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വരും ദിവസങ്ങളിലും ‘അമ്മ’യ്ക്കുള്ളിലെ അധികാര തർക്കങ്ങളും രാഷ്ട്രീയ നീക്കങ്ങളും കൂടുതൽ വഷളാകാനാണ് സാധ്യത.

Related Articles

Latest Articles