Friday, October 16, 2026

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;റാണി ബെലവാടി മല്ലമ്മയായി ഭൂമി പെഡ്‌നേക്കർ

‘കാന്താര’ താരം റിഷഭ് ഷെട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചരിത്രചിത്രമായ ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ പുതിയ പ്രഖ്യാപനങ്ങളിലൂടെ ശ്രദ്ധ നേടുന്നു. സംവിധായകനും നിർമ്മാതാവുമായ സന്ദീപ് സിംഗ് ഒരുക്കുന്ന ചിത്രത്തിൽ നായികയായി ഭൂമി പെഡ്‌നേക്കർ എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം.
ചിത്രത്തിൽ ധീരയായ യോദ്ധാവും കർണാടകയുടെ അഭിമാനവുമായ റാണി ബെലവാടി മല്ലമ്മ എന്ന കഥാപാത്രത്തെയാണ് ഭൂമി അവതരിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഭൂമി പ്രതികരിച്ചു.

ഇതിഹാസ മറാത്ത ഭരണാധികാരിയായ ഛത്രപതി ശിവാജി മഹാരാജിന്റെ വേഷത്തിൽ റിഷഭ് ഷെട്ടി എത്തുമ്പോൾ, അർജുൻ രാംപാൽ, വിവേക് ഒബ്‌റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത താരങ്ങളും ആഗോളതലത്തിൽ അംഗീകാരം നേടിയ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചരിത്രചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
‘കാന്താര’യിലെ റിഷഭ് ഷെട്ടിയുടെ പ്രകടനം തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്നും, സന്ദീപ് സിംഗ് ഈ പ്രോജക്ടുമായി സമീപിച്ച നിമിഷം തന്നെ സമ്മതം അറിയിച്ചുവെന്നും ഭൂമി പറഞ്ഞു. തന്റെ അഭിനയജീവിതത്തിൽ ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്നും, പുതിയൊരു തലത്തിൽ തന്നെ അവതരിപ്പിക്കാൻ അവസരം നൽകിയ നിർമ്മാതാക്കളോട് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രണ്ട് ഭാഗങ്ങളായാണ് ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ ഒരുങ്ങുന്നത്. ഋഷി വിർമണി രചന നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം അമിത് ത്രിവേദിയുടേതും ഗാനരചന ദേശീയ അവാർഡ് ജേതാവായ പ്രസൂൺ ജോഷിയുടേതുമാണ്.
വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ ചരിത്ര സിനിമാറ്റിക് അനുഭവങ്ങളിലൊന്നായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Related Articles

Latest Articles