Thursday, October 1, 2026

ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തിയായി ഋഷഭ് പന്ത്! അടച്ചത് 23.84 കോടി രൂപ

ഡെറാഡൂൺ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് 2025-26 സാമ്പത്തിക വർഷത്തിൽ ഉത്തരാഖണ്ഡിൽ ഏറ്റവും കൂടുതൽ വ്യക്തിഗത ആദായനികുതി അടച്ച വ്യക്തിയായി മാറി. ആദായനികുതി ദിനാഘോഷത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ചീഫ് ഇൻകം ടാക്‌സ് കമ്മീഷണറാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. 23.84 കോടി രൂപയാണ് പന്ത് ഈ വർഷം നികുതിയിനത്തിൽ അടച്ചിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പന്ത് അടച്ച 10.5 കോടി രൂപയുടെ ഇരട്ടിയിലധികമാണ് ഇത്തവണത്തെ തുക. കഴിഞ്ഞ വർഷവും ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നികുതിദായകൻ പന്ത് തന്നെയായിരുന്നു. ബി.സി.സി.ഐ കരാർ, ഐ.പി.എൽ പ്രതിഫലം, മാച്ച് ഫീസുകൾ, നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ കരാറുകൾ എന്നിവയിലൂടെയാണ് പന്തിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിയായ ഋഷഭ് പന്ത് ഡൽഹിയിലേക്ക് മാറി പ്രാദേശിക ക്രിക്കറ്റിലൂടെ വളർന്നാണ് ഇന്ത്യൻ ദേശീയ ടീമിലെത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ താരം കളിക്കളത്തിലെ മികവിനൊപ്പം ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും മികച്ച മാതൃക കാണിച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. പന്തിന്റെ ഈ നേട്ടം ഉത്തരാഖണ്ഡിലെ വളർന്നുവരുന്ന യുവ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാണ്.

Related Articles

Latest Articles