Saturday, April 27, 2024
spot_img

ബി സി സി ഐയ്ക്ക് പുതിയ പ്രസിഡന്റ്; സൗരവ് ഗാംഗുലിയ്ക്ക് പകരം റോജർ ബിന്നി

മുൻ ലോകകപ്പ് ജേതാവും ഓൾറൗണ്ടറുമായ റോജർ ബിന്നിയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത് ബിസിസിഐ. ഇന്ന് നടന്ന ബോർഡിന്റെ വാർഷിക പൊതുയോഗത്തിൽ വെച്ചാണ് റോജർ ബിന്നിയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

1979നും 1987നും ഇടയിൽ ഇന്ത്യക്കായി 27 ടെസ്‌റ്റുകളും 72 ഏകദിനങ്ങളും കളിച്ചിട്ടുള്ള ബിന്നി വർഷങ്ങളായി കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2019 മുതൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അദ്ദേഹം. മുമ്പ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ദേശീയ സെലക്‌ടറായും ബിന്നി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

1983ൽ കപിൽ ദേവിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിലെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു ബിന്നി. ടൂർണമെന്റിൽ 8 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

അതേസമയം ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരും. അരുൺ സിംഗ് ധുമാലിന് പകരമായി മഹാരാഷ്ട്ര ബിജെപി നേതാവ് ആശിഷ് ഷെലാറിനെയും നിയമിച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അടുത്ത സഹായി ദേവജിത് സൈകിയയെ ജയേഷ് ജോർജിന് പകരം പുതിയ ജോയിന്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്

Related Articles

Latest Articles