പാലക്കാട്: ബിജെപി സ്ഥാനാർത്ഥിയുമായും സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരോട് പരസ്യ പ്രസ്താവന നടത്തരുതെന്ന് നിർദ്ദേശിച്ച് ആർ എസ്സ് എസ്സ്. വിഷയത്തിൽ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നും ഉച്ചയോടെ വിഷയം ചർച്ച ചെയ്‌ത് ധാരണയിലെത്തുമെന്നുമാണ് സൂചന. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അടിസ്ഥാന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആർ എസ്സ് എസ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെ നിയമസഭയിൽ വിജയിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കാൻ പാലക്കാട്ട് ആർ എസ്സ് എസ്സും ബിജെപിയും തമ്മിൽ മികച്ച ഏകോപനമുണ്ട്. അതുകൊണ്ടുതന്നെ നിർണ്ണായക സമയത്തുണ്ടായ അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കാൻ ആർ എസ്സ് എസ്സ് നേതൃത്വം മുൻകൈ എടുക്കുകയാണ്.
സന്ദീപ് വാര്യർ വിഷയം മുതലെടുത്ത് ബിജെപിയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസ്സും ഒരു വിഭാഗം മാദ്ധ്യമങ്ങളും ശ്രമിക്കുന്നു എന്നാണ് പാർട്ടി വിലയിരുത്തുന്നത്. സന്ദീപ് വാര്യർ സിപിഎമ്മിലേക്ക് പോകുമെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വിഷയത്തിൽ പരസ്യപ്രസ്താവന അരുതെന്ന് ബിജെപിയും നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നീട്ടിവച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പാർട്ടിയും സംഘവും വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ഷാഫിപറമ്പിൽ മണ്ഡലം ഉപേക്ഷിച്ച് പോയതിനാൽ ബിജെപിക്കനുകൂലമായ പൊതു വികാരം മണ്ഡലത്തിലുണ്ട് എന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ ഷാഫിയുടെ നോമിനിയായി രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നു കോൺഗ്രസ്സും കരുതുന്നു. എന്നാൽ കോൺഗ്രസ് നേതാവ് തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും നിലവിലെ സ്ഥാനാർത്ഥി പാർട്ടിയിലെ ഒരു വിഭാഗത്തിന് സ്വീകാര്യമല്ല എന്നതിന്റെ സൂചനകൾ പുറത്തുവന്നതും യു ഡി എഫിന് മുന്നിൽ വെല്ലുവിളിയാകുന്നുണ്ട്.

