Monday, April 29, 2024
spot_img

മുല്ലപ്പെരിയാർ ഡാമിൽ ഇന്ന് മുതൽ റൂൾ കർവ് പരിധി 138.4 അടി; പെരിയാർ പ്രദേശവാസികൾക്ക് ആശ്വാസം, ജലനിരപ്പിൽ നേരിയ കുറവ്

ഇടുക്കി: ഇന്ന് മുതൽ മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി 138.4 അടി. നിലവിലെ സാഹചര്യത്തിൽ ഈ അളവിലേക്ക് താഴാൻ സാധ്യത . നിലവിൽ 139.15 അടിയാണ് ജലനിരപ്പ്. ജലനിരപ്പിൽ നേരിയ കുറവ് വന്നതോടെ പെരിയാർ തീരത്തുള്ളവർക്ക് ആശ്വാസമായിരിക്കുകയാണ്.

13 ഷട്ടറുകൾ 90 സെൻറീമീറ്റർ ഉയർത്തി പതിനായിരത്തിലധികം ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് പുറത്തേക്ക് ഒഴിക്കിയത്. ഇതിനെ തുടർന്ന് വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പല വീടുകളിലും വെള്ളവും കയറിയിരുന്നു.

അധിക ജലം എത്തിയാൽ കൂടുതൽ വെള്ളം കയറാൻ സാധ്യതയുള്ള 85 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 140 പേരുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

ഇതോടുകൂടിയാണ് ജലനിരപ്പിൽ കുറവ് അനുഭവപ്പെട്ടത്. ഇന്ന് മുതൽ തുടങ്ങുന്ന 138.4 എന്ന റൂൾ കർവ് പരിധിയിലേക്ക് ജലനിരപ്പ് എത്തിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ജലനിരപ്പിൽ കാര്യമായ കുറവില്ല.

മൂന്നരലക്ഷം ലിറ്റർ വെള്ളമാണ് സെക്കന്റിൽ ചെറുതോണി പുഴയിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്. തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കും.

Related Articles

Latest Articles