മോസ്‌കോ: യുക്രെയ്‌നിൽ ആക്രമണം കൂടുതൽ ശക്തമാക്കി റഷ്യ(Russia-Ukraine war). ഈ പ്രതികൂല സാഹചര്യത്തിലും വീണ്ടും ഒരു സന്ധിസംഭാഷണം കൂടി നടക്കുകയാണ് ഇന്ന്. റഷ്യ-യുക്രെയ്ൻ രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. ആദ്യവട്ട ചർച്ചകളിൽ തീരുമാനം ഉണ്ടാകാത്തതിന് പിന്നാലെയാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ബെലാറസിലെ ഗോമലിൽ ആയിരുന്നു ആദ്യവട്ട ചർച്ച നടന്നത്. പ്രശ്ന പരിഹാരത്തിന് ചില ധാരണകൾ രൂപപ്പെട്ടെന്ന് ഇരുകൂട്ടരും വ്യക്താക്കിയിരുന്നു. സർക്കാരിന്റെ ഉന്നത വൃത്തങ്ങളുമായി ബന്ധപ്പെട്ട ശേഷം ഇതിൽ തീരുമാനം എടുക്കുമെന്നും ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.
അതേസമയം യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള യുക്രെയ്നിയൻ പ്രസിഡന്റ് വാളോഡിമിർ സെലെൻസ്കിയുടെ പ്രസംഗം വൈറലായി. വികാരഭരിതനായി യൂറോപ്യൻ യൂണിയനോട് പറഞ്ഞതത്രയും കൈയ്യടിയോടെയാണ് ഇ.യു കേട്ടത്. 27 അംഗ യൂറോപ്യൻ യൂണിയനിൽ യുക്രെയ്നെയും ചേർക്കാനുള്ള അപേക്ഷ നൽകിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലൻസ്കി വീഡിയോ സന്ദേശത്തിൽ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടത്.
എന്നാൽ യുക്രെയ്‌ന് അംഗത്വം നൽകാനുള്ള നടപടികൾ തുടങ്ങിയതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ പാർലമെന്റ് യുക്രെയ്‌ന്റെ അപേക്ഷ സ്വീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ വോട്ടിങ് നടത്തുമെന്നാണ് വിവരം.

