Sunday, June 16, 2024
spot_img

ഉപരോധത്തില്‍ വിലയിടിഞ്ഞ് റഷ്യന്‍ എണ്ണ; ലാഭക്കൊയ്ത്ത് ഇന്ത്യന്‍ സ്വകാര്യ കമ്പനികൾക്ക്

മോസ്കോ: യുക്രെയ്നില്‍ കടന്നുകയറിയതിന് പ്രതികാരമായി റഷ്യയുടെ എണ്ണക്ക് ചില രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ വന്‍ ലാഭമുണ്ടാക്കി ഇന്ത്യന്‍ സ്വകാര്യ എണ്ണ കമ്പനികൾ
റഷ്യയില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങി സംസ്കരിച്ച്‌ യൂറോപ്പിലേക്കും മറ്റും കയറ്റി അയച്ചാണ് സ്വകാര്യ കമ്പനികൾ ലാഭമുണ്ടാക്കുന്നത്.

യുക്രെയ്ന്‍ അധിനിവേശം 100 ദിവസത്തിനരികെ നില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും ഇപ്പോഴും റഷ്യയില്‍നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ല. അവിടങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളെന്ന നിലക്കാണ് വിദേശ രാജ്യങ്ങളിലെ സ്വകാര്യ എണ്ണ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത്. റിലയന്‍സ്, നയര പോലുള്ള ഇന്ത്യന്‍ കമ്പനികൾക്ക് ഇത് വന്‍ കൊയ്ത്തിന് അവസരമായി മാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

ഒരു ബാരല്‍ എണ്ണക്ക് 30 ഡോളര്‍ (2325 രൂപ) വരെ ലാഭമാണ് ഈ കമ്പനികൾക്ക് ലഭിക്കുന്നത്. കയറ്റുമതി കൂടിയതോടെ ഇന്ത്യക്കകത്ത് ഈ കമ്പനികളുടെ പേരിലുള്ള പമ്പുകളിൽ വില്‍ക്കുന്ന എണ്ണക്ക് വില കൂട്ടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിലേതിനെക്കാള്‍ വില കൂടുതലായതിനാല്‍ ആഭ്യന്തര വില്‍പനയില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 ശതമാനമുണ്ടായിരുന്ന സ്വകാര്യ കമ്പനികളുടെ വിഹിതം ഏഴു ശതമാനമായാണ് കുറഞ്ഞത്. കയറ്റുമതി കൂടിയതിനാല്‍ ഇത് ബോധപൂര്‍വമാണെന്നാണ് സൂചന. കമ്പനി വൃത്തങ്ങളും വില കൂട്ടിയത് സ്ഥിരീകരിക്കുന്നുണ്ട്.

ദീര്‍ഘകാല കരാറായതിനാല്‍ രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികൾ റഷ്യന്‍ എണ്ണയെ കൂടുതലായി ആശ്രയിക്കുന്നില്ലെന്നതും ശ്രദ്ധേയം. ഫെബ്രുവരി 24ന് യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം 6.2 കോടി ബാരല്‍ അസംസ്കൃത എണ്ണയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച്‌ മൂന്നിരട്ടി കൂടുതല്‍. ഇന്ത്യയില്‍നിന്നുള്ള എണ്ണ കയറ്റുമതിയിലുമുണ്ട് വര്‍ധന- 15 ശതമാനം കൂടുതല്‍.

റിലയന്‍സിന്റെ പേരില്‍ ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ സമുച്ചയത്തില്‍ സംസ്കരണ പ്രക്രിയ തകൃതിയായി നടക്കുന്നതിനാല്‍ അടുത്തിടെ നടക്കേണ്ട വാര്‍ഷിക അറ്റകുറ്റപ്പണികള്‍വരെ നീട്ടിവെച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Latest Articles