സമര്‍ഖണ്ട്: യുക്രൈൻ സംഘർഷം എത്രയും വേഗം പരിഹരിക്കപ്പെടാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമർശം. ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും അതിൽ താങ്കളുടെ ആശങ്കകളെക്കുറിച്ചും അറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.
ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോൺ കോളിൽ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി പരസ്പരം ഒരുമിച്ചുനിൽക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളും പുടിൻ നേർന്നു. എന്റെ പ്രിയ സുഹൃത്തേ, നാളെ നിങ്ങൾ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. ആശംസകൾ എന്നുമായിരുന്നു പുടിന്റെ വാക്കുകൾ.
അതേസമയം അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സം നില്ക്കരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴാണ് നരേന്ദ്ര മോദി ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്.

