ന്യൂയോര്‍ക്ക് : അമേരിക്കൻ സംസ്ഥാനമായ അലാസ്‌കയ്ക്ക് സമീപം പാഞ്ഞടുത്ത് റഷ്യൻ യുദ്ധവിമാനങ്ങൾ.
ബോംബര്‍ വിമാനമായ ടിയു-95, രണ്ട് എസ്‌യു-35 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് അലാസ്‌കയ്ക്ക് സമീപമെത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് റഷ്യന്‍ സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ടാകുന്നത്. റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഇവയെ പ്രതിരോധിക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങൾ മേഖലയിൽ എത്തി. അലാസ്‌കയുടെ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നുള്ള അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലാണ് റഷ്യന്‍ വിമാനങ്ങളെത്തിയത്.
റഷ്യൻ വിമാനങ്ങളുടെ സാന്നിധ്യം സ്ഥിരമാകുന്നതോടെ മേഖലയിൽ ഒരു ഇ-3 സെന്‍ട്രി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനവും, രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും, രണ്ട് കെസി-135 സ്ട്രാറ്റോ ടാങ്കറുകളും നിയോഗിച്ചതായി നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ വിമാനം അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ തന്നെ തുടര്‍ന്നുവെന്നും അമേരിക്കയുടെയോ കനേഡിയയുടേയോ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിനോട് ചേര്‍ന്ന് റഷ്യന്‍ വിമാനങ്ങള്‍ എത്തുന്നത് പതിവാണെന്നും ഇതൊരു ഭീഷണിയായി കാണുന്നില്ലെന്നുമാണ് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 26-ന് റഷ്യയുടെ ചാരവിമാനമായ ഐഎല്‍ -20 അലാസ്‌കയ്ക്ക് സമീപം ദീര്‍ഘനേരം പറന്നിരുന്നു. ഓഗസ്റ്റില്‍ തന്നെ ഒരാഴ്ചയ്ക്കിടെ നാല് പ്രവശ്യം ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചു. അതിന് മുമ്പ് ജൂലൈ, ഏപ്രില്‍, ഫെബ്രുവരി തുടങ്ങിയ മാസങ്ങളിലും റഷ്യന്‍ ചാരവിമാനം അലാസ്‌കയില്‍ നിരീക്ഷണത്തിനെത്തിയിരുന്നു.

