Monday, April 29, 2024
spot_img

ശബരിമല: ശുചീകരണ പ്രവർത്തനങ്ങൾക്കായി 1000 വിശുദ്ധിസേന വോളന്റിയർമാരെ നിയോഗിക്കും;വേതനം 450ല്‍ നിന്ന് ഉയർത്തും

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകളുടെ ശുചീകരണത്തിന് 1,000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്നറിയിച്ച് കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല സാനിറ്റേഷൻ സൊസൈറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെയാണ് കളക്ടർ ഇക്കാര്യം പരാമർശിച്ചത്. സന്നിധാനം, പമ്പ, നിലക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലെ തീർത്ഥാടന പാതകളുടെ ശുചീകരണവുമായി ബന്ധപ്പെട്ടാണ് വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നത്.

ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്‌കരിക്കുന്നതിനു ശുപാര്‍ശ നല്‍കും. യാത്രാ പടി ഇനത്തില്‍ 1000 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനവും ക്ഷേമവും വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു നേരിട്ടു വാങ്ങും.

യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍ മുദ്ര പതിപ്പിക്കല്‍ എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കും. വിശുദ്ധി സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രര്‍ ടെയിലറുകള്‍ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ മൂന്ന് വീതവും നിലയ്ക്കലില്‍ എട്ട് ട്രാക്ടറുമാണ് വിന്യസിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

Related Articles

Latest Articles