Friday, October 2, 2026

ശബരിമല സ്വർണ്ണക്കൊള്ള! സിബിഐ അന്വേഷണം വേണമെന്ന് അയ്യപ്പ സേവാ സമാജം; വികസനത്തിനായി 50 വർഷത്തെ മാസ്റ്റർ പ്ലാൻ ആവശ്യപ്പെട്ട് ചെയർമാൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം (എസ്എഎസ്എസ്) ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലെന്നും, ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിലും തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ ഗൗരവമായ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകർക്ക് സേവനം നൽകുന്ന കാര്യത്തിൽ അംഗീകൃത സംഘടനകൾക്ക് തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും, ശബരിമലയെ വരുമാനം ഉണ്ടാക്കുന്ന ഒരു സ്ഥാപനമായി മാത്രം കാണാതെ തീർത്ഥാടന കേന്ദ്രമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്നിധാനത്ത് അന്നദാനം ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഭക്തരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഇത്തരം സേവനങ്ങൾ പുനരാരംഭിക്കാൻ അംഗീകൃത സംഘടനകളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലയ്ക്കലിനും പമ്പയ്ക്കും ഇടയിൽ തീർത്ഥാടകർക്ക് സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്നും, അത് സാധ്യമല്ലെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, പരമ്പരാഗത തീർത്ഥാടന പാതകൾ മെച്ചപ്പെടുത്തുന്നതിനായി വിദഗ്ധരുടെയും അയ്യപ്പ സംഘടനാ പ്രതിനിധികളുടെയും സഹകരണത്തോടെ ശബരിമലയ്ക്കായി 50 വർഷത്തെ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും, ആധുനിക ക്യൂ മാനേജ്‌മെന്റ് സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുടെ ഭരണം കാര്യക്ഷമമാക്കുന്നതിനായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും, അംഗീകൃത അയ്യപ്പ സംഘടനകളുടെ പ്രതിനിധികളും, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഒരു സ്വതന്ത്ര ‘ശബരിമല അതോറിറ്റി’ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ഹൈക്കോടതി ബെഞ്ച് എന്നിവർക്ക് നിവേദനം നൽകുമെന്നും, അയ്യപ്പ ഭക്തരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സർക്കാറുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles