Sunday, April 28, 2024
spot_img

ശബരിമല – മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരെഞ്ഞെടുത്തു; കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി, ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല -മാളികപ്പുറം പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പ് മലപ്പട്ടം സ്വദേശിയാണ് കെ ജയരാമൻ നമ്പൂതിരി. ഇദ്ദേഹം കണ്ണൂർ ചൊവ്വ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. വലിയ സന്തോഷമെന്നും ഇതൊരു വലിയ നിയോഗമായി കാണുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയം വൈക്കം സ്വദേശിയാണ് ഹരിഹരൻ നമ്പൂതിരി. 10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും, പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുത്ത് തെരെഞ്ഞെടുത്തത്. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമ്മ തമ്പുരാനും കൊട്ടാരം നിർവ്വാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്.

അതേസമയം, തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം 5 മണിക്ക് തുറന്നു.
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. പിന്നേട് ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെഉണ്ടായിരുന്നില്ല.

രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് തിരുനട അടച്ചു. തുലാം ഒന്നായ ഇന്ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യവുംപതിവ് അഭിഷേകവും നടന്നു. 5.30 ന് മണ്ഡപത്തില്‍ മഹാഗണപതിഹോമം നടന്നു. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.25 ന് ആണ് ആട്ട ചിത്തിര. അന്ന് രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാലമഹോല്‍സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക.

Related Articles

Latest Articles