എറണാകുളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് അനുമതി നൽകിയത്. ചിങ്ങം ഒന്നിന് നട തുറക്കുന്നതോടെ ഒരു വർഷത്തേക്കാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക.
ശബരിമലയിലെ താന്ത്രിക അവകാശം പരമ്പരാഗതമായി താഴമൺ മഠത്തിനാണ്. നിലവിലെ തന്ത്രിയായ കണ്ഠര് രാജീവർ ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി ചുമതല ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ തന്ത്രിയെ നിയമിക്കുന്ന നടപടികൾ ആരംഭിച്ചത്. തന്റെ പിൻഗാമിയായി മകൻ കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കണമെന്ന് അദ്ദേഹം ദേവസ്വം ബോർഡിനോട് അഭ്യർഥിച്ചിരുന്നു.
നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിലെ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കായിരുന്നുവെങ്കിലും, ചില കേസുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ആരോഗ്യപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മകനെ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ബ്രഹ്മദത്തനെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിയമനവുമായി ബന്ധപ്പെട്ട് ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാനായി ബ്രഹ്മദത്തന്റെ താന്ത്രിക യോഗ്യത പരിശോധിക്കാൻ ദേവസ്വം ബോർഡ് മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട്, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട സമിതി അനുകൂല റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കുകയും അന്തിമ അനുമതി നേടുകയും ചെയ്തത്.
പുതിയ തന്ത്രിയുടെ ചുമതലകളെക്കുറിച്ചും ഹൈക്കോടതി വ്യക്തമായ നിർദേശങ്ങൾ നൽകി. ക്ഷേത്രത്തിന്റെ പവിത്രതയും ആചാരാനുഷ്ഠാനങ്ങളും ഭരണപരമായ മര്യാദകളും ഭക്തരുടെ വിശ്വാസവും പരമപ്രധാനമായി കണക്കാക്കി പ്രവർത്തിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. ഓരോ തീരുമാനവും പ്രതിഷ്ഠയുടെ താത്പര്യവും ശബരിമലയുടെ ആത്മീയ പാരമ്പര്യവും മുൻനിർത്തിയായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആഭരണങ്ങൾ, പൂജോപകരണങ്ങൾ, വിശിഷ്ട പാത്രങ്ങൾ തുടങ്ങിയവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തന്ത്രിക്കും ശാന്തിക്കാർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിലും ആചാരങ്ങളുടെ കൃത്യമായ പാലനത്തിലും വീഴ്ചയുണ്ടാകരുതെന്നും, ശബരിമലയുടെ വിശുദ്ധിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിധത്തിൽ പുതിയ തന്ത്രി ചുമതല നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

