ശബരിമല: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല ക്ഷേത്രനട നാളെ (ഏപ്രിൽ 10) വൈകുന്നേരം തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരുന്നതോടെ തീർത്ഥാടനത്തിന് തുടക്കമാകും. ഏപ്രിൽ 15-ന് പുലർച്ചെ നാല് മണി മുതലാണ് ഭക്തർക്ക് ഏറെ പുണ്യമായ വിഷുക്കണി ദർശനം ക്രമീകരിച്ചിരിക്കുന്നത്.
വിഷു ഉത്സവത്തോടും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടർച്ചയായി ഒൻപത് ദിവസമാണ് ഭക്തർക്ക് ദർശനത്തിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18-ന് രാത്രി പത്ത് മണിയോടെ നട അടയ്ക്കും. അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സ്ലോട്ടുകൾ നേരത്തെ തന്നെ ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കടുത്ത വേനൽ കണക്കിലെടുത്ത് ഭക്തർക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്.

