Sunday, June 16, 2024
spot_img

അശ്ളീല ചിത്രമെന്ന് വിധിയെഴുതി നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവ്; അധികാരികളെ അശ്രാന്ത പരിശ്രമത്തിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി രണ്ടു വർഷംകൊണ്ട് പ്രതിഫലം വാങ്ങാതെ പൂർത്തിയാക്കിയ ശിൽപ്പം; ഇന്നും അധികാരികളുടെ അവഗണന നേരിടുന്ന കാനായി കുഞ്ഞിരാമന്റെ സാഗരകന്യകയെ തേടി ലോകോത്തര അംഗീകാരം

തിരുവനന്തപുരം: ശംഖുംമുഖം കടപ്പുറത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളിൽ കിടക്കുന്ന മത്സ്യകന്യകയെ പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ പണി പൂർത്തിയാക്കിയത് തന്നെ അധികാരികളുടെ അവഗണനയെ അതിജീവിച്ചാണ്. ഒരു മഹനീയ ശിൽപ്പത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയാത്ത ഭരണകൂടം അന്നേ അശ്ളീല ചിത്രമെന്ന് വിധിയെഴുതി നിർമ്മാണം നിർത്തിവയ്പ്പിച്ചു. തുടർന്ന് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു ശിൽപ്പിക്ക് തന്റെ ആവിഷ്ക്കാരം പൂർത്തിയാക്കാൻ. രണ്ടു വര്ഷം കൊണ്ട് പ്രതിഫലം വാങ്ങാതെയാണ് കാനായി ശിൽപ്പം മലയാളക്കരക്ക് സമ്മാനിച്ചത്. ഏറെനാളായി സഞ്ചാരികളായ ആളുകളെ സന്തോഷിപ്പിക്കുന്ന ശിൽപ്പമായി മത്സ്യകന്യക തുടരുകയാണ്. ഈ മനോഹര ശിൽപ്പത്തെ തേടി ഇപ്പോൾ ലോകോത്തര അംഗീകാരവുമെത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ഇപ്പോൾ സാഗരകന്യകയെ തേടിയെത്തിയിരുന്നു. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശിൽപി.

സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. തറയിൽ ആറടിയോളം താഴ്ത്തി ഇരുമ്പു ചട്ടക്കൂടൊരുക്കി കോൺക്രീറ്റിലാണു ശിൽപ്പം നിർമിച്ചത്. 1990 ൽ ടൂറിസം വകുപ്പാണ് കാനായിയെ ശിൽപനിർമാണം ഏൽപിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിർമിക്കാൻ തീരുമാനിച്ചത്. ഗിന്നസ് റെക്കോർഡ് പോലും ശിൽപ്പത്തെ തേടിയെത്തുമ്പോഴും അധികാരികളുടെ അങ്ങേയറ്റത്തെ അവഗണന അനുഭവിക്കുകയാണ് സാഗരകന്യക. സർക്കാരിന് ഇപ്പോഴും ശിൽപത്തിന്റെ വില മനസ്സിലാകുന്നില്ലെന്നതാണ് കാനായിയുടെ സങ്കടം. ലോക്ഡൗൺ കാലത്ത് ശിൽപത്തോടു ചേർന്നുളള മൺതിട്ടയിൽ വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റർ സ്ഥാപിച്ചു. അന്നത്തെ ടൂറിസം മന്ത്രിയോടു പറഞ്ഞിട്ടു ഫലമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്നു പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നീടു പലതവണ വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നു ശിൽപ്പി പറയുന്നു.

Related Articles

Latest Articles