Friday, May 3, 2024
spot_img

കാത്തിരിപ്പിനൊടുവിൽ കണ്മണിയെത്തി, ഇന്ത്യയിലെ ആദ്യ ട്രാൻസ് ജൻഡർ മാതാപിതാക്കളായി സഹദും സിയയും

കോഴിക്കോട്: ഒരു കുഞ്ഞിന് ജന്മം നൽകി താലോലിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലായിരുന്നു ട്രാൻസ് ദമ്പതികളായ സിയ പവലും സഹദും.കുഞ്ഞ് മിഴിതുറന്നതോടെ ഇരുവരും ട്രാൻസ് ​ജെൻഡർ സമൂഹത്തിൽ ഇന്ത്യയിലെ ആദ്യ​ മാതാപിതാക്കളായി മാറി.ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്.

സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ചികിത്സ. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോൾ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ ഇവർ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാൻസ് കമ്യൂണിറ്റി ഷെൽട്ടർ ഹോമിൽ അഭയംതേടുകയും ദീപാറാണിയെന്ന ട്രാൻസ് വ്യക്തിയുടെ മകളാവുകയും ചെയ്തു. നിലവിൽ നൃത്താധ്യാപികയാണ്. ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കണ്ടത്.

തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട് സൂനാമിയിൽ നഷ്ടമായി. ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞതിനുപിന്നാലെയാണ്​ സഹദും കോഴി​ക്കോട്ടെത്തിയത്​. പിന്നീട് അഷിതയെന്ന ട്രാൻസ് വ്യക്തിയുടെ മകനായി. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. ഇരുവരും തമ്മിലെ പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തിയതോടെയാണ് കോഴിക്കോട് ഉമ്മളത്തൂരിൽ താമസം തുടങ്ങിയത്.

Related Articles

Latest Articles