കാസർഗോഡ്: കാസര്‍ഗോട്ടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു.
നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ശ്രദ്ധേയനായ വ്യക്തിയായിരുന്നു സായിറാം.
കാസർഗോഡ് ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ടിന്റെ ജനനം.
പാരമ്പര്യ വൈദ്യവും കൃഷിയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരില്‍ നീര്‍ച്ചാലില്‍ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്.
എന്നാൽ അമ്പതു വയസ്സു പിന്നിട്ടപ്പോഴാണ് സായിറാം ഭട്ട് വീടില്ലാത്തവര്‍ക്ക് താങ്ങായിത്തുടങ്ങിയത്. കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ട അബ്ബാസിന് വീടു നിര്‍മിച്ചു നല്കിയായിരുന്നു കാരുണ്യവഴിയുടെ തുടക്കം.അന്ന് തീര്‍ഥാടനത്തിനായി സ്വരൂപിച്ച പണമെടുത്തായിരുന്നു 1995-ല്‍ ആദ്യത്തെ വീടു നിര്‍മിച്ചതും താക്കോല്‍ സീതാംഗോളിയിലെ അബ്ബാസിനെ ഏല്പിച്ചതും.
തുടർന്ന് സ്വന്തം വീടു നിര്‍മിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം 260ലധികം വീടുകളും നിര്‍മിച്ചത്. ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു.
മാത്രമല്ല കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകള്‍ മനസ്സിലാക്കിലാക്കിയായിരുന്നു ഓരോ വീടുകള്‍ അദ്ദേഹം നിര്‍മിച്ച് നല്‍കിയത്. നിരവധി കുടിവെള്ളപദ്ധതികള്‍, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാന്‍ ഭൂമി, സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളും സായിറാമിന്റെ പരോപകാര പ്രവര്‍ത്തന മേഖലകളായിരുന്നു.

