തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് നാളെ ശമ്പളം നല്കാനാകുമെന്ന് കെ എസ് ആർ ടി സി മാനേജ്‌മന്റ്. ബുധനാഴ്ച്ച മുതൽ ശമ്പളവിതരണം നടക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സർക്കാർ അനുവദിച്ച തുകയായ 30 കോടി രൂപ ഉടൻ ലഭിക്കും. അത് കൂടാതെ ഓവർഡ്രാഫ്‌റ്റും കൂടിയാകുമ്പോൾ ശമ്പളം നൽകാനുള്ള തുകലഭിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. തുടർച്ചയായ അവധിദിനങ്ങളെ തുടർന്നാണ് കെഎസ്ആർടിസി അക്കൗണ്ടിൽ തുക എത്താത്തത്. ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഭരണ–പ്രതിപക്ഷ യൂണിയനുകൾ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. കാൽ ലക്ഷത്തോളം വരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങൾ പ്രതിസന്ധിയിലായിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന് നേരത്തെ മാനേജ്‌മന്റ് ഉറപ്പുനൽകിയിരുന്നു. ഈ മാസവും അത് പാലിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. സർക്കാർ തുക അനുവദിച്ചത് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായെങ്കിലും ശാശ്വത പരിഹാരം വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. മാർച്ച് മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, ശമ്പളം കൃത്യമായി നൽകാൻ നടപടി സ്വീകരിക്കുക, സ്വിഫ്റ്റ് പിടിച്ചെടുത്ത റൂട്ടുകൾ കെ എസ് ആർ ടി സി ക്ക് തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് (BMS) ഏപ്രിൽ 18 തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും പ്രഖ്യാപിച്ചിട്ടുണ്ട്

