Friday, April 26, 2024
spot_img

പെൺകുട്ടിയ്‌ക്ക് വിലക്ക് കൽപ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീർത്തും യോജിച്ചതല്ല; ഇത്തരം നീക്കങ്ങൾക്ക് എതിരെ സമൂഹമന:സാക്ഷി ഉണരണമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ അപലപിച്ച് വനിതാ കമ്മീഷൻ. വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തീർത്തും അപലപനീയമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി വ്യക്തമാക്കി.

പുരസ്‌കാരം സ്വീകരിക്കുന്നതിന് പെൺകുട്ടിയ്‌ക്ക് വിലക്ക് കൽപ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീർത്തും യോജിച്ചതല്ലെന്നും കമ്മീഷൻ പറഞ്ഞു. സ്ത്രീസാക്ഷരതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെയാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നൽകിയ പുരസ്‌കാരം സ്വീകരിക്കാൻ പെൺകുട്ടിയ്‌ക്ക് വിലക്ക് കൽപ്പിയ്‌ക്കുന്ന തരത്തിൽ മതനേതൃത്വം ഇടപെടുന്നത്. സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കമായേ ഇതിനെ കാണാനാവു. ഇത്തരം നീക്കങ്ങൾക്ക് എതിരെ സമൂഹമന:സാക്ഷി ഉണരണമെന്നും വനിതാ കമ്മീഷൻ പറയുകയും ചെയ്തു.

രാമപുരം പാതിരമണ്ണ ദാറുൽ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാനാണ് പത്താം തരം വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാർ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.

Related Articles

Latest Articles