Friday, May 3, 2024
spot_img

‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍’, കെ സുരേന്ദ്രൻ പറഞ്ഞതാണ് നിലപാട്’; പോസ്റ്റ് പിൻവലിച്ച് സന്ദീപ് വാര്യർ

പാലക്കാട്: ഹലാല്‍ വിവാദത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. പാര്‍ട്ടി നിലപാട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു.

‘പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു,’ എന്നാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ച് വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നായിരുന്നു സന്ദീപ് ഫെയ്സ് ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്.

എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു

Related Articles

Latest Articles