Monday, April 29, 2024
spot_img

സന്ദേശ്ഖലി ഇഡി ആക്രമണം; ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: സന്ദേശ്ഖലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. മുഖ്യപ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഷെയ്ഖ് അലോംഗിർ, സന്ദേശ്ഖാലിയിലെ ടിഎംസിയുടെ വിദ്യാർത്ഥി വിഭാഗം പ്രസിഡൻ്റ് മഫുജർ മൊല്ല, പ്രദേശവാസിയായ സിറാജുൽ മൊല്ല എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി അഞ്ചിനാണ് പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് എഫ്ഐആറുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സന്ദേശ്ഖലിയിൽ നിന്നും ഇതുവരെയായി സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുള്ളവരുടെ എണ്ണം 14 ആയി. നിരവധി അഴിമതികളും കൂട്ടബലാത്സംഗവും റേഷൻ വിതരണ കുംഭകോണവും നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ സന്ദേശ്ഖലിയിലുള്ള സ്ഥാപനത്തിൽ റെയ്ഡിന് എത്തിയപ്പോഴായിരുന്നു ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.

Related Articles

Latest Articles