Thursday, May 16, 2024
spot_img

ഒരു രാഷ്ട്രീയക്കാരനായല്ല, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് എന്നും താത്പര്യം; മോദി സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: ഒരു രാഷ്‌ട്രീയക്കാരൻ എന്നതിലുപരിയായി ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് എന്നും താത്പര്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മോദി സർക്കാരിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്.

‘2014ന് മുൻപ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലും അവരുടെ നയങ്ങളിലും ജനങ്ങൾ അസ്വസ്ഥരായിരുന്നു. ഇത് ബിജെപിക്ക് മുൻതൂക്കം ലഭിക്കാൻ സഹായകമായി. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ച്ചവച്ച നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയതും 2014ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിയെ സഹായിച്ചു. വികസനം മുൻനിർത്തിയാണ് 2019ലും ഞങ്ങൾ വിജയം ആവർത്തിച്ചത്. പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി നേടിയത് കഴിഞ്ഞ 60-65 വർഷം കൊണ്ട് കോൺഗ്രസിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ്. ഇക്കുറിയും ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു തന്നെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഞങ്ങളെ തിരഞ്ഞെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. പ്രതിബദ്ധതയുള്ള ബിജെപി പ്രവർത്തകനാണ് ഞാൻ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരത്തിന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ സബ്കാ സാത്ത് സബ്കാ വികാസ് എന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അദ്ദേഹത്തിന് കീഴിൽ ഈ സർക്കാർ ഏറ്റവും പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവയ്‌ക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ തന്നെ മൂന്നാം വട്ടവും ഞങ്ങൾ അധികാരത്തിലേറുമെന്നും’ ഗഡ്കരി വ്യക്തമാക്കി.

Related Articles

Latest Articles