Sunday, January 11, 2026

ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷ; സര്‍ക്കാര്‍ പറഞ്ഞ കള്ളത്തരങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയെന്നും ശശികുമാര്‍ വര്‍മ്മ

പന്തളം: ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്‍റ് പി ജി ശശികുമാര്‍ വര്‍മ്മ. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

അതേസമയം ശബരിമല കേസ് സുപ്രീംകോടതി അൽപ്പസമയത്തിനുള്ളിൽ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയില്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്നാൽ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലായിരുന്നതിനാല്‍ പുനപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Related Articles

Latest Articles