Tuesday, October 13, 2026

സതീശൻ മന്ത്രിസഭ അധികാരമേറ്റു; ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല, ആദ്യ പത്രസമ്മേളനം വൈകുന്നേരം നടന്നേക്കും

തിരുവനന്തപുരം : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന വകുപ്പുകളുടെ പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ട്. പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിമാരിലെ ഏറ്റവും സീനിയർ മുഖമായ ചെന്നിത്തലയ്ക്ക് ഇത് മൂന്നാം തവണയാണ് മന്ത്രിപദവി ലഭിക്കുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇത് രണ്ടാം വട്ടമാണ്. മുൻപ് 2011-ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന വർഷത്തിൽ അദ്ദേഹം ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നു. 1986-ൽ തന്റെ മുപ്പതാം വയസ്സിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിക്കൊണ്ടാണ് ചെന്നിത്തല ആദ്യമായി മന്ത്രിപദവിയിലെത്തുന്നത്.

നേരത്തെ, കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരടങ്ങുന്ന 21 അംഗ മന്ത്രിസഭയാണ് ഗവർണർക്ക് മുന്നിൽ സത്യവാചകം ചൊല്ലി അധികാരം ഏറ്റെടുത്തത്.

രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നിന് ശേഷമായിരിക്കും പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരുക. ജനപ്രിയവും വിപ്ലവകരവുമായ പ്രഖ്യാപനങ്ങൾ ആദ്യ യോഗത്തിൽ തന്നെയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, കൊച്ചി മാതൃകയിൽ സംസ്ഥാനവ്യാപകമായി പാവപ്പെട്ടവർക്കായി ‘ഇന്ദിര കാന്റീൻ’ പദ്ധതി നടപ്പിലാക്കുക, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങൾക്ക് ആദ്യ കാബിനറ്റ് യോഗം അംഗീകാരം നൽകിയേക്കും. തുടർന്ന് വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി വാർത്താസമ്മേളനത്തിൽ പുതിയ സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Related Articles

Latest Articles