ദില്ലി : കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ വിഐപി സൗകര്യങ്ങൾ നീക്കി. 15 ദിവസത്തേക്ക് മന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിക്കില്ല. സത്യേന്ദറിന്റെ ജയിലിലെ സുഖവാസത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് നടപടി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന നിയമിച്ച സമിതിയുടെ നിർദേശങ്ങൾത്തുടർന്നായിരുന്നു നടപടി. സത്യേന്ദറിന് വിഐപി പരിഗണന നൽകിയത് അന്ന് ജയിൽ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണെന്ന് സമിതി വ്യക്തമാക്കി. ഇയാൾക്കെതിരെ നടപടിയെടുക്കാനും സമിതി നിർദേശിച്ചു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനും ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായിരുന്നു സത്യേന്ദറിന്റെ ജയിലിലെ ദൃശ്യങ്ങൾ പുറത്തുവന്നത്. ജെയിന്‍ പുറത്തുനിന്നു കൊണ്ടുവന്ന ആഹാരം കഴിക്കുന്നതും ജയിലിലെ അന്തേവാസിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളായിരുന്നു അവ. എന്നാൽ മന്ത്രിക്ക് ലഭിച്ചത് ഫിസിയോതെറാപ്പി എന്നാണ് ആം ആദ്മി പാർട്ടിയുടെ ന്യായീകരണം.

