Saturday, April 27, 2024
spot_img

പണമൊഴുക്കി, ടി20 ലീഗ് സംഘടിപ്പിക്കാൻ സൗദി അറേബ്യ : ഇന്ത്യൻ താരങ്ങളെ വിട്ടയയ്ക്കില്ലെന്ന കടുംപിടുത്തത്തിൽ ബിസിസിഐ

ബെംഗളൂരു : ലോകത്തിലെത്തന്നെ ഏറ്റവും ‘സമ്പന്നമായ ടി20 ലീഗ്’ ആരംഭിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികളെ സൗദി അറേബ്യ ക്ഷണിച്ചെന്ന റിപ്പോർട്ടുകൾക്കു പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ ലീഗിലേക്ക് അയക്കില്ലെന്ന നിലപാടിലുറച്ച് ബിസിസിഐ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിൽ ബിസിസിഐ വിലക്കുണ്ട്. പുതിയ ടി20 ലീഗ് സംബന്ധിച്ച് സൗദി അറേബ്യ സർക്കാരിന്റെ നിർദേശം വന്നാൽ വിലക്കിൽ മാറ്റമുണ്ടായേക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ട്.

മുൻനിര ഇന്ത്യൻ താരങ്ങൾ വിദേശ ക്രിക്കറ്റ് ലീഗുകളിലേക്ക് അയക്കില്ലെന്നും എന്നാൽ ഫ്രാഞ്ചൈസികളുടെ പങ്കാളിത്തം തടയാൻ കഴിയില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘‘നിലവിലെ ഇന്ത്യൻ കളിക്കാരൊന്നും ഒരു ലീഗിലും പങ്കെടുക്കില്ല. പക്ഷേ ഫ്രാഞ്ചൈസി പങ്കാളിത്തത്തെ ഞങ്ങൾക്ക് തടയാൻ കഴിയില്ല. അത് അവരുടെ വ്യക്തിഗത തീരുമാനമാണ്. ഐപിഎൽ ഫ്രാഞ്ചൈസികൾ ദക്ഷിണാഫ്രിക്കയിലും ദുബായിലും പോയിട്ടുണ്ട്, ഇല്ലെന്ന് പറയാൻ കഴിയില്ല. ലോകമെമ്പാടുമുള്ള ഏത് ലീഗിലും അവരുടെ ടീം ഉണ്ടായിരിക്കുന്നത് അവരുടെ തിരഞ്ഞെടുപ്പാണ്.’’– ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫുട്ബോൾ, ഫോർമുല 1 തുടങ്ങിയ കായിക ഇനങ്ങളിലെല്ലാം വൻ നിക്ഷേപം നടത്തിയ സൗദി അറേബ്യ, ക്രിക്കറ്റിലും വൻ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ടി20 ലീഗ് ആരംഭിക്കുന്നതെന്നായിരുന്നു വാർത്തകൾ. ഇതു സംബന്ധിച്ച ചർച്ചകൾക്ക് ഐപിഎൽ ഉടമകളെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ഒരു വർഷത്തോളമായി വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാത്തതാണ് ടൂർണമെന്റ് നീളാനുള്ള കാരണം.

Related Articles

Latest Articles