Thursday, May 9, 2024
spot_img

വാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു പഞ്ചാബിൽ വൈശാഖിയാണ്; വൈശാഖി മുഗൾ ഭരണത്തിന്റെ മതപീഢനങ്ങൾക്കെതിരെ ആയുധമെടുത്ത് പോരാടാൻ തീരുമാനിച്ച് സിഖ് ഖൽസയ്ക്ക് തുടക്കം കുറിച്ച ദിനം കൂടിയാണ്

വാർഷിക വിളവെടുപ്പ് ദിവസമായ വിഷു മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണ്. എന്നാൽ ഇതേ ദിവസം ഭാരതത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പുത്സവങ്ങൾ നടക്കുന്നുണ്ട്. ഒരേ ദിവസമാണെങ്കിലും പല പല പേരുകളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിച്ചുവരുന്നത്. അസമിലെ ബിഹുവും പഞ്ചാബിലെ വൈശാഖിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇതിൽ പഞ്ചാബിലെ വൈശാഖ ഉത്സവ ദിനത്തിലാണ് ഖൽസ പ്രസ്ഥാനം രൂപംകൊണ്ടത്. സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദ് സിങ് ആണ് സിഖ് ഖൽസയ്ക്ക് രൂപം നൽകിയത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഇസ്ലാമിക ശരിയ ഭരണകാലത്ത് പിതാവ് ഗുരു തേജ് ബഹാദൂറിനെ ശിരഛേദം ചെയ്തതിന് ശേഷമാണ് ഗുരു ഗോവിന്ദ് സിംഗ് 1699 ഏപ്രിൽ 13 വൈശാഖി ദിനത്തിൽ ഖൽസ പാരമ്പര്യം ആരംഭിച്ചത്. മുഗൾ ഭരണകാലത്ത് ക്രൂരമായ മത പീഢനങ്ങൾക്കാണ് ഹിന്ദുക്കളും സിഖ് മതസ്ഥരും ഇരകളായിക്കൊണ്ടിരുന്നത്. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ ദേവിനെ അറസ്റ്റുചെയ്ത് വധിച്ചത് മുഗൾ ചക്രവർത്തി ജഹാംഗീർ ആയിരുന്നു. ഒമ്പതാമത്തെ ഗുരുവും ഗുരു ഗോവിന്ദ് സിംഗിന്റെ പിതാവുമായ ഗുരു തേജ് ബഹാദൂറിനെ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് വധിച്ചു. ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരും ക്രൂരമായി വധിക്കപ്പെട്ടു. ഈ മതപീഡനങ്ങളെ പ്രതിരോധിക്കാനാണ് ഗുരു ഗോവിന്ദ് സിങ് സ്വന്തം സമുദായത്തെ സൈനിക വൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സിഖ് ഖൽസയ്ക്ക് രൂപം കൊടുത്തത്.

ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പോരാളികളായി വർഷങ്ങളായി മതപീഡനം നേരിട്ട ഒരു ജനത ഖൽസയിലൂടെ മാറി. ഒരു ഖൽസ സിഖിന് ” സിംഹം ” എന്നർത്ഥം വരുന്ന സിംഗ് (ആൺ) എന്നും “രാജകുമാരി” എന്നർത്ഥമുള്ള കൗർ (സ്ത്രീ) എന്നീ സ്ഥാനപ്പേരുകളും നൽകി . ജീവിതനിയമങ്ങളിൽ, റാഹിത് എന്ന ഒരു പെരുമാറ്റ കോഡ് കൊണ്ടുവന്നു. പുകയില , ലഹരി പദാർത്ഥങ്ങൾ , വ്യഭിചാരം , കുത്ത മാംസം, എന്നിവ പോരാളികൾക്ക് നിഷിദ്ധമാണ് ശരീരത്തിലെ രോമങ്ങൾ മാറ്റരുത് , വസ്ത്രധാരണ രീതി എന്നിങ്ങനെ മറ്റ് നിയമങ്ങളുമുണ്ട്. ഇന്നും ഖൽസ പാരമ്പര്യം സിഖുകാർക്കിടയിലുണ്ട്. ഇന്ന്, ഖൽസയെ മുഴുവൻ സിഖുകാരും ബഹുമാനിക്കുന്നു; എന്നിരുന്നാലും, എല്ലാ സിഖുകാരും അമൃതധാരികളല്ല. ഭാരതമെങ്ങും കാർഷിക വിളവെടുപ്പ് ഉത്സവങ്ങൾ പല പേരുകളിൽ നടക്കുമ്പോൾ ഈ സുദിനത്തിൽ തന്നെയാണ് വൈദേശിക ഭരണത്തിനെതിരെ ആയുധമെടുത്ത് സധൈര്യം പോരാടാനും സ്വന്തം മതവിശ്വാസം സംരക്ഷിക്കാനും സിഖ് ഖൽസ ഉടലെടുത്തത് എന്നതും ചരിത്രം

Related Articles

Latest Articles