Sunday, October 11, 2026

ഗുരുവായൂർ ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്തത് കോഴവാങ്ങി; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി; സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്ന് മുൻ പാർട്ടിയംഗം

തിരുവല്ല: ഗുരുവായൂർ ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്‌ത്‌ സിപിഎം ഏരിയ കമ്മിറ്റിയംഗം ലക്ഷങ്ങൾ കോഴവാങ്ങിയതായി പരാതി. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയംഗം കൊച്ചു പ്രകാശ് ബാബുവിനെതിരെയാണ് മുൻ പാർട്ടിയംഗം ഷാജി വിവിധ ഘടകങ്ങളിൽ പരാതി നൽകിയത്. ക്ലറിക്കൽ തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്‌ത്‌ രണ്ടര ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഡി വൈ എഫ് ഐ പ്രാദേശിക നേതാവായ രതീഷ് വഴിയാണ് പണം വാങ്ങിയത്.

2022 ലാണ് കോഴ നൽകിയത്. രണ്ടര ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. പണം പലിശയ്ക്ക് വാങ്ങിയാണ് കോഴ നൽകിയത്. തുടർന്ന് ഒരു വർഷം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തതിനാൽ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. പണം തിരികെ നൽകാത്തതിനെ തുടർന്ന് പാർട്ടിയംഗമായിരുന്ന ഷാജി ബ്രാഞ്ച് തലം മുതൽ സംസ്ഥാന സമിതി വരെ പരാതി നൽകി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നാല് തവണ പരാതി നൽകിയെന്നും ഇനിയും മുഴുവൻ തുകയും മടക്കി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. നാല് തവണയായി ഒന്നരലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്.

പാർട്ടി ഘടകങ്ങളിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരനായ ഷാജി പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല പി എസ് സി അംഗത്വത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായുള്ള ആരോപണം വാർത്തകളിൽ നിറഞ്ഞു നിൽക്കെയാണ് ഗുരുവായൂർ ദേവസ്വം നിയമനത്തിനായി ലക്ഷങ്ങൾ കോഴവാങ്ങിയ വാർത്തയും പുറത്തുവരുന്നത്. പിൻവാതിൽ നിയമങ്ങളിലൂടെ സിപിഎം കേരളത്തിലെ തസ്തികകൾ വിറ്റ് കാശാക്കുകയാണെന്ന ആരോപണം ഉയരുകയാണ്.

Related Articles

Latest Articles