Saturday, October 24, 2026

സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു; മറ്റ് പുതിയ ഇളവുകൾ ഇങ്ങനെ…

തിരുവനന്തപുരം: രണ്ടാഴ്ചത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു(Schools Reopens In Kerala). ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകളിൽ ഈ മാസം 7 മുതൽ ക്ലാസുകൾ വീണ്ടും ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

ഓൺലൈനായാണ് യോഗം ചേർന്നത്.അതേസമയം, ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്.കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേയ്‌ക്ക് സ്‌കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ അടച്ചിടൽ കുറച്ച് കൂടി നീട്ടുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇപ്പോഴും അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് രോഗവ്യാപനം കുറയുകയാണ്. രണ്ടുലക്ഷമായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ ഒന്നരലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,49,394 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles