Monday, April 29, 2024
spot_img

ഒരിക്കൽ അനഭിമതനെന്ന് വിലയിരുത്തി വിസ നിഷേധിച്ച് മാറ്റിനിർത്തപ്പെട്ട നരേന്ദ്രമോദിക്ക് ഇന്ന് അമേരിക്ക നൽകുന്നത് പരമോന്നത സ്വീകരണമായ 21 ഗൺ സല്യൂട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം; അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും!

ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധത്തിന് പുതിയ വഴിത്തിരിവ് നൽകുന്ന അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് തിരക്കിട്ട പരിപാടികൾ. ചരിത്രപ്രസിദ്ധമായ സ്റ്റേറ്റ് വിസിറ്റിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. അമേരിക്ക സുപ്രധാന പങ്കാളിയായി കരുതുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ഇന്ന് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകും. ഒരിക്കൽ അനഭിമതനെന്ന് വിലയിരുത്തി അമേരിക്ക മാറ്റിനിർത്തിയിരുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നത് ഇന്നത്തെ പരിപാടിയുടെ മാറ്റുകൂട്ടുന്നു. വൈറ്റ് ഹൗസിലാണ് ലോകം ഉറ്റുനോക്കുന്ന സ്വീകരണ പരിപാടി നടക്കുക. സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള ഉന്നതതല ചർച്ച നടക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രദാന ശൃഖലകളിലെ തടസങ്ങൾ നീക്കുന്നത് സംബന്ധിച്ചുമുള്ള വിശദമായ ചർച്ചക്കാണ് ഇന്ന് അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് വേദിയാകുക. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യും. നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഇതിനു മുന്നേ 2016 ലാണ് മോദി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. രണ്ടു തവണ യു എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ ലോക നേതാവും ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിയെ ആദരിച്ചുകൊണ്ടുള്ള അത്താഴവിരുന്നോടെയാണ് ഇന്നത്തെ പരിപാടികൾ അവസാനിക്കുക. അമേരിക്കൻ പ്രസിഡന്റും പത്നിയും ചേർന്നാണ് ഈ ഔദ്യോഗിക വിരുന്നൊരുക്കുക. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴവിരുന്നിൽ കോൺഗ്രസ് അംഗങ്ങളും, നയതന്ത്ര വിദഗ്ദ്ധരും, മറ്റ് വിശിഷ്ഠ വ്യക്തികളും പങ്കെടുക്കും.

നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അന്താരാഷ്ട്ര യോഗാ ദിനത്തോടാനുബന്ധിച്ച് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. 180 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യ മുന്നോട്ടുവച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു എൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. യോഗ ദിനാഘോഷത്തിനായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും മോദി അഭിനന്ദിച്ചു. ന്യൂയോര്‍ക്ക് മേയറും യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ലോകം യോഗാദിനം ആഘോഷിക്കാന്‍ ഒന്നാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയല്‍റ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നേതൃത്വം നൽകിയ യോഗ പരിപാടി ഇന്നലെ ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു.

Related Articles

Latest Articles