Saturday, April 27, 2024
spot_img

സെക്രട്ടറിയേറ്റ് തീവെപ്പ് കേസ്; ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാ​ഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. തീവെപ്പിന് ഒരുമാസം മുമ്പ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. അ​ഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബി.ജെ.പി ചോദിച്ചിരുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റിൽ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കഴിഞ്ഞു. സത്യം തുറന്ന് പറഞ്ഞ തനിക്കും മാദ്ധ്യമങ്ങൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles