Wednesday, May 8, 2024
spot_img

ഹത്രാസ് കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിന് ശ്രമിച്ച മലയാളി ഉള്‍പ്പെടെ നാലുപേര്‍ യുപിയില്‍ അറസ്റ്റില്‍

ദില്ലി: ഹാത്രാസ് കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിന് ശ്രമിച്ച മലയാളി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാലു പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി സിദ്ദിഖ്, മുസാഫര്‍ നഗര്‍ സ്വദേശി അതിക് ഉര്‍ റെഹ്‌മാന്‍, ബറേജ് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി അലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്ക് പോകുന്നതിനിടെ മഥുരയില്‍ നിന്നുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാലുപേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി നല്ല ബന്ധമുണ്ടെന്നും സംസ്ഥാനത്ത് വര്‍ഗീയ കലപാത്തിന് തിരി കൊളത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുപി സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനും പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കാനും ഇവര്‍ ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സംസ്ഥാനത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നിന്നുമാണ് നാല് പേരും ഉത്തര്‍പ്രദേശില്‍ എത്തിയത്. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യവിവരവും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും, ചില രാജ്യവിരുദ്ധ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹത്രാസ് സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്.

Related Articles

Latest Articles