Thursday, October 1, 2026

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു ; അന്ത്യം രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം.

1937 ഏപ്രില്‍ 22-ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ച ആനന്ദൻ. 1954-ല്‍ വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഒരണ കൂടുതല്‍ കൂലിക്കു വേണ്ടിയുള്ള കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. ലായിരുന്നു സമരം.
1956-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

ട്രാവന്‍കൂര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

1987-ല്‍ ആറ്റിങ്ങലില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1991-ല്‍ വീണ്ടും മത്സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 1996-ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006-ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

Related Articles

Latest Articles